അമേരിക്കൻ മാവും അപകട ജനിതക വിളകളും :

ചെറുപ്പത്തിൽ എന്റെ ‘അമ്മ മൈദക്ക് പറഞ്ഞോണ്ടിരുന്നത് – അമേരിക്കൻ മാവ് , അമേരിക്കൻ മാവ് എന്നാ . എന്തൂട്ട് കാര്യണ്ട് ഈ പാവം മൈദനെ അമേരിക്കൻ മാവ് എന്ന് വിളിക്കാൻ ? അതും ഈ ആളെ തിന്നുന്ന അതി ഭീകരം ആയ ജനിതക വിളകളും തമ്മിൽ എന്ത് ബന്ധം .

 

നമുക്ക് ആദി മുതൽ ഒന്ന് നോക്കാം . അത് വേണോ – വേണം . എനിക്കതൊരു വീക്നെസ് ആയി പോയി .

 

ഈ രണ്ടു ലക്ഷം കൊല്ലങ്ങളായി മാനുഷമ്മാര് ഉണ്ടായിട്ട് . ആഫ്രിക്കയിലൊക്കെ അലഞ്ഞു തിരിഞ്ഞു ഇങ്ങനെ നടന്നു . അൻപതിനായിരം കൊല്ലം മുൻപ് ആഫ്രിക്കയിൽ നിന്ന് കെട്ടിയെടുത്തു ലോകം മുഴുവൻ പരന്നു . പ്രകൃതിയുമായി ഇങ്ങനെ ഇണങ്ങി ജീവിച്ചു . എങ്ങനെയെന്നല്ലേ ?

 

താപ്പു കിട്ടിയാൽ കാടിന് തീയിടും . കൊടും കാട് നമുക്ക് പറ്റിയതല്ല . പുൽ മേടുകളാണ് വേണ്ടത് . അമ്പതിനായിരം കൊല്ലം മുമ്പ് ഏഷ്യയിൽ കേറിയതും അവിടെ ഉണ്ടായിരുന്ന പഴേ വല്യ ജീവികളൊക്കെ – ഡും – കാണാനില്ല ! പിന്നെ ഓസ്‌ട്രേലിയയിൽ ചെന്നു . ജയന്റ് കങ്കാരു , ഭീമൻ പക്ഷികൾ , വലിയ സഞ്ചി മൃഗങ്ങൾ – ക്ടിൻ – കാണാനില്ല .

 

പതിനയ്യായിരം വർഷങ്ങൾ കൊണ്ട് അമേരിക്കയിൽ എത്തി . ആയിരം വര്ഷം കൊണ്ട് അവിടെ മുഴുവൻ പരന്നു . മാസ്റ്റഡോൺ , ജയന്റ് സ്ലോത് , പിന്നെ എത്രയെത്ര വലിയ മൃഗങ്ങൾ – ടിം = ഒക്കേത്തിനേം കൊന്നു തിന്നു .

 

ഏകദേശം പതിനായിരം കൊല്ലം ആയപ്പോഴേക്കും ആളുകൾ കൂടി . മൃഗങ്ങൾ കുറഞ്ഞു . അലഞ്ഞു തിരിയാൻ സ്ഥലവും ഇല്ലാതായി . ഏകദേശം ഒൻപതു സ്ഥലങ്ങളിൽ ഏകദേശം ഒരേ സമയത് കൃഷിയും മൃഗ വളർത്തലും തുടങ്ങി . ഒരു നാലഞ്ചു വിളവെടുപ്പ് കഴിഞ്ഞാൽ മണ്ണ് ഒന്നിനും കൊള്ളില്ല . നൈട്രജൻ തീരും . പിന്നെ ഫോസ്‌ഫറസ്‌ – അതൊക്കെ .

 

ആദ്യം കാടിന് തീയിട്ടു , ഒന്ന് രണ്ടു വിളവെടുപ്പ് കഴിഞ്ഞു അടുത്ത സ്ഥലത്തേക്ക് പോകും . ഭീകരം . കുറെ കഴിയുമ്പോൾ സ്ഥലം ഒക്കെ ഗോപി . പിന്നെ ആണ് ഉഴുതു മറിച് വളമിടൽ തുടങ്ങിയത് . ആദ്യം കൈ കൊണ്ട് ഉഴുതൽ . പിന്നെ സ്വന്തം തീട്ടം കൊണ്ട് മറി . അങ്ങനെ അങ്ങനെ .

 

പിന്നെ കാളകളും കുതിരകളും ചാണകവും കമ്പോസ്റ്റും വന്നു . സ്വന്തം കൈ കൊണ്ട് തന്നെ കീടങ്ങളെ ഓടിക്കണം . പുഴുക്കളെ പെറുക്കണം കളകളെ നുള്ളണം .

 

ജനസംഖ്യ പതുക്കെ പതുക്കെ കൂടി . എത്ര കഷ്ടപെട്ടാലും പട്ടിണി അകലെ അല്ല .

 

അതായത് പതിനായിരം കൊല്ലം മുൻപ് ആകെ ലോകത്തിൽ ഒരു കോടി ജനങ്ങൾ . ഇപ്പോൾ എഴുനൂറ്റന്പത് കോടി . എഴുന്നൂറ്റന്പത്തിരട്ടി – എന്നിട്ടും ഇപ്പോൾ ഇഷ്ടം പോലെ ഫുഡ് ആണ് . ശരിയായി എല്ലാവർക്കുമായി വീതിച്ചാൽ സകലമാന മനുഷ്യർക്കും സുഖമായി പുട്ടടിക്കാം . ഇഡ്ഡലിയോ ചപ്പാത്തിയോ ചിക്കാനോ ആവാം . തിന്നു തടിയന്മാരും തടിച്ചികളും ആവാം . ഇതെങ്ങനെ പറ്റി ഷ്ടോ ? ജാതി സംഭവം ന്നെ .മാജിക്കാ ?

 

ദൈവാനുഗ്രഹം – ആലേലുയ്യ (തമാശയല്ല )

 

അതായതുത്തമാ – വേണ്ട ബോറായി – ദേശ് വാസ്സിയോം – നമ്മൾ പലതും ചെയ്തു :

 

ചരിത്രാതീത കാലം മുതൽ തിരഞ്ഞു പിടിച്ചു വിളകളെയും മൃഗങ്ങളെയും ഇണ ചേർത്ത് പുതു വര്ഗങ്ങളുണ്ടാക്കി . ഈ ഗോതമ്പും അരിയും ഒക്കെ പഴേ പുല്ലുകളിൽ നിന്നും ഉണ്ടാക്കിയതാണ് . പത്തു മടങ്ങെങ്കിലും ഓരോ മണിക്കും വലുപ്പം വചു . ലിറ്റർ കണക്കിനാണ് പശുക്കൾ പാല് തരുന്നത് .

 

ആദ്യം നൈട്രജൻ , ഫോസ്‌ഫേറ്റ്സ് ഒക്കെ ഉള്ള പാറകളും പക്ഷി കാഷ്ടം നിറഞ്ഞ ദ്വീപുകളും ഒക്കെ ഉപയോഗിച്ച് വൻ തോതിൽ വളം ഉണ്ടാക്കി . അതും തികയാതെ വന്നേനെ .

 

ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും വായുവിലെ നൈട്രജൻ ഫാക്ടറികളിൽ വച്ച് അമോണിയ ഉണ്ടാക്കാനായി . ഹാബെർ പ്രോസസ്സ് . ഹാബെറും ബൊഷും ചേർന്ന് കണ്ടു പിടിച്ചതാണ് .

 

കീടനാശിനികൾ , കള  നാശിനികൾ – ഇവയുടെ ഒക്കെ കൃത്യത കൂടി വന്നു . അപകട സാധ്യത കുറഞ്ഞും .

 

അതായത് – 1900 ത്തിൽ നിന്നും ലോക ജന സന്ഖ്യ നാലിരട്ടി കൂടി . വിളവ് ആറിരട്ടി കൂടി . ഓരോ ആൾക്കും ലഭ്യമായ തീറ്റ അമ്പതു ശതമാനം കൂടി .

 

കൃഷി ചെയ്യുന്ന ഭൂമി വെറും മുപ്പതു ശതമാനമേ കൂടിയുള്ളു .

 

തൊള്ളായിരത്തി അറുപതുകളിൽ പട്ടിണി കിടന്ന നമ്മൾ അമേരിക്കക്കാരോട് ഇരന്നു വാങ്ങിയ മൈദയെ ആണ് അമേരിക്കൻ മാവ് എന്ന് വിളിച്ചത് . വെറും പത്തു പതിനഞ്ചു വര്ഷം കൊണ്ട് പിന്നീട് പച്ച വിപ്ലവം വന്നു .

 

പച്ച വിപ്ലവം വന്നത് ഓർഗാനിക് ഫാർമിംഗ് കൊണ്ടല്ല .

 

ഇപ്പോൾ – ഈ നിമിഷം – ലോകം മുഴുവനും ഓർഗാനിക് ഫാർമിംഗിലേക്കു തിരിഞ്ഞാൽ ലോകത്തുള്ള എല്ലാ വനങ്ങളും, വെള്ള സ്രോതസ്സുകളും , ചതുപ്പുകളും , എന്തിന് – മരുഭൂമികൾ വരെ എങ്ങനെയെങ്കിലും കൃഷി ചെയ്യേണ്ടി വരും .

 

നമുക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ പട്ടിണി കിടക്കുന്ന 30 കോടി ജനങ്ങൾ . ഇപ്പോൾ പട്ടിണി കിടക്കേണ്ടാത്ത 150 കോടി ജനങ്ങൾ .

 

അതായത് – ദരിദ്രവാസികൾ എന്ന ലെവലിൽ നിന്നും പ്യാരേ ദേശ് വാസിയോം എങ്ങനെ ആയി എന്ന് മനസ്സിലായില്ലേ ?

 

ശരിയാണ് . നമുക്ക് കീട നാശിനികളുടെ അളവ് കുറക്കണ്ടേ ? വളത്തിന്റെ ? വെള്ളത്തിന്റെ അളവ് കുറക്കണ്ടേ ?

 

ആയിരക്കണക്കിന് വര്ഷങ്ങളായി നമ്മൾ ജനിതക മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കയാണ് . ഇപ്പോൾ അതിനു നൂതന മാർഗങ്ങളുണ്ട് . അവ ഉപയോഗിച്ച രോഗ പ്രതോരോധ ശക്തിയുള്ള , വളം കുറവ് വേണ്ട , പോഷകാംശം കൂടുതലുള്ള വെള്ളം കുറവ് മതിയാകുന്ന വിളകൾ ഉണ്ടാക്കുക തന്നെ വേണം .

 

മെഷീനുകൾ ഉപയോഗിക്കണം . ഓരോ ഏക്കറിൽ നിന്നും ഉദ്പാദനം കൂട്ടണം . ഡ്രിപ് ഇറിഗേഷൻ ഉപയോഗിച്ചു വെള്ളം കുറക്കണം .

 

അല്ലെങ്കിൽ വനനശീകരണം എങ്ങനെ തടയും ? ആളുകൾക്ക് എങ്ങനെ തിന്നാൻ കൊടുക്കും ? നഗരങ്ങളെ എങ്ങനെ തീറ്റി പോറ്റും ?

 

ഒരു തിരിച്ചു പോക്ക് ഇല്ല . അങ്ങനെ ഒരു സാധനം ഇല്ല . ചരിത്രത്തിനു റിവേഴ്‌സ് ഗിയർ ഇല്ല . അഥവാ നമ്മൾ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നമ്മുടെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച അതൊക്കെ പരിഹരിക്കണം .

 

അല്ലാതെ പിന്നോട്ടോടുക അല്ല വേണ്ടത് .

 

എന്നെ തെറി പറഞ്ഞോ . അടിക്കരുത് . എത്ര പുളിച്ച തെറിയും താങ്ങാൻ ഈ ശരീരത്തിന് പറ്റും . അടി വന്നാൽ ഓടും . പക്ഷെ സത്യം സത്യം തന്നെ ആയിരിക്കും .

 

സത്യം പറഞ്ഞാൽ ഗാന്ധിക്കും പുളിക്കും .

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .